Friday, August 24, 2007

ഡോ. ഷിഹാബു അല്‍ ഗാനിം (യു. ഏ. ഇ.)

ഓമനേ

എന്റെ ഓമനേ
ജീവിതകാലം മുഴുവന്‍
ഞാന്‍ നിന്നെ വരയ്ക്കാന്‍
ശ്രമിക്കുകയായിരുന്നു

എത്രയോ തവണ
നിന്റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിരീക്ഷിച്ചുകൊണ്ട്

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്റെ കാമുകി പഴയവള്‍ തന്നെ,
എന്നിട്ടുംഓരോ തവണയും ഓരോ നോട്ടത്തിലും
നിന്നെ ആദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ
പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്‍

സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ
ചെറിയ ചെറിയവ്യത്യാസങ്ങള്‍
വെളിച്ചത്തിന്റെ പ്രക്യതമനുസരിച്ച്
വികാരത്തിന്റെ തോതനുസരിച്ച്

ഋതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്റെ ഓമനേ
ഓരോ തവണയും
നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ

വിവ : കുഴൂര്‍ വിത്സണ്‍

Wednesday, April 4, 2007

ഐസക് റോസന്‍ബര്‍ഗ് (1890-1918) (ബ്രിട്ടന്‍)‍

ജൂതര്‍

മോസസ്,
നിന്റെ ഇടുപ്പെല്ലില്‍ കുരുത്തവര്‍ ഞങ്ങള്‍ ,
നിന്റെ ചോരയാല്‍ പ്രഭാപൂരിതരായ അജഗണം,
നനുത്ത നിലാവില്‍ നീ തീര്‍ത്ത
പത്ത് പ്രചോദിത ഖര-കല്‍പ്പനകള്‍.

ചെമ്പരും,തവിടരും,സുവര്‍ണ്ണരും
ചീറ്റിത്തെറിക്കുന്ന രക്തത്തില്‍
നീയാകും ചന്ദ്രനിലേയ്ക്ക് വേലിയേറ്റം നടത്തുമ്പോള്‍
എന്തേ അവര്‍ ഞങ്ങളെ പുച്ഛിക്കുന്നു?

വിവ: ദേവദാസ്
[*മട്ടാഞ്ചേരിയിലെ ജാക്വിലിന്‍ എന്ന ജൂതപ്പെണ്‍കുട്ടിക്കു വേണ്ടി]

Monday, April 2, 2007

ഗബ്രിയേല്‍ റോസെന്‍സ് റ്റോക്ക് (1949-)(അയര്‍ലന്‍ഡ്)

നമ്മള്‍

നമ്മുടെ അസ്തിത്വത്തിന്റെ
കരടില്ലാത്ത വായുവില്‍നിന്ന്
കളങ്കമില്ലാത്ത വാനത്തുനിന്ന്
നീ വന്നു.
വാഞ്ഛയുടെ ബാല്യമേ
വെളുക്കാനിനി ഏറെ നാഴികയില്ലെന്ന്
നിന്റെ തീവ്ര ബുദ്ധി
എന്നില്‍ ബലം ചെലുത്തുന്നു.
എന്റെ കവിതയുടെ
കത്തുന്ന ഭാഷ മൊഴിയുന്ന
നിന്റെ ചുണ്ടുകളെ
സ്വയം തുറന്നു കാട്ടുക..

വിവ: ശ്രുതി എസ്.
അക്യുന്‍ അകോവ (തുര്‍ക്കി)

അപ്പാ എന്നോടൊച്ചയിടരുത്

വഴി നനയാതിരിക്കാന്‍
കുട നിവര്‍ക്കുന്നവര്‍ക്ക്...

അപ്പാ എന്നൊടൊച്ചയിടരുത്
എന്റെ കാടുകളില്‍നിന്ന് എല്ലാ രാപ്പാടികളെയും നീ തുരത്തി.
എന്റെ ചെവികളുടെ വാതിലുകള്‍ നീ വലിച്ചടച്ചു.
വാതിലുകള്‍, അപ്പാ, വാതിലുകള്‍
ജനലുകളുംകൂടെ കോണ്ടുപോയി.
താഴ്ന്ന സ്വരങ്ങള്‍ സ്വനപേടകങ്ങളില്‍നിന്നു മാഞ്ഞുപോയി.
എല്ലാടവും നിറയെ കൊച്ചുകൊച്ചു സ്വേച്ഛാധിപതികള്‍.
ഒത്തിരി ഉച്ചസ്വരങ്ങള്‍ക്കു നിന്നെ വേണം.
പക്ഷേ ഞങ്ങള്‍ക്കാവില്ല നിന്നോടു കൂടാന്‍.

അപ്പാ എന്നോടൊച്ചയിടരുത്
കൊടിക്കാലിന്‍ തുമ്പില്‍ വന്നിരിക്കുന്ന പരുന്തുകളുടെ കഥകള്‍ എന്നോടു പറയൂ
അവയുടെ തുളഞ്ഞിറങ്ങുന്ന കണ്ണുകള്‍കൊണ്ട്, കഷ്ടം,
അവയ്ക്കെങ്ങനെ വേട്ടക്കാരെ കാണാനായില്ലെന്നും.
നക്ഷത്രങ്ങളുടെ ദു:സ്വഭാവംകൊണ്ടാവാം അപ്പാ
നീയവയെ തുപ്പി ഗ്രഹങ്ങളാക്കി മാറ്റിയല്ലൊ.
പോരാളികളെ നീ ലോകത്തിന്റെ കഴുത്തില്‍ തൂക്കിയല്ലൊ.

എന്റെ നോട് ബുക്കിലെഴുതിയ നുണകള്‍ ഞാനൊരിക്കലും മറക്കില്ല.
റേഡിയോസ്റ്റേഷന്‍ എന്നതിനെ റേഡിയേഷന്‍ എന്നെടുത്ത മന്ത്രിമാര്‍
പച്ചമാംസക്കഷണങ്ങള്‍കൊണ്ട് പാര്‍ലമെന്റിന്റെ മേല്‍ക്കൂരയടച്ച അക്രമി
കുള്ളന്‍രാജ്യങ്ങളെപ്പെറ്റ പെണ്ണുങ്ങളുടെ പ്രസവാനന്തരവേദനകള്‍

ഞാനൊരിക്കലും മറക്കില്ല
സ്വന്തം താടിയില്‍ മുഖവും
മുഖത്തില്‍ താടിയും മറന്നുപോയവര്‍
ഉഗുര്‍ മുംകുവിനെ നമ്മിലൊരാളാക്കിക്കൊണ്ട്
കള്ളിമുള്‍ക്കാട്ടില്‍ച്ചിതറിയ ബോംബിന്‍ കഷണങ്ങള്‍.

ഞാനൊരിക്കലും മറക്കില്ല
അപ്പാ അടുത്തും അകലെയുമുള്ള കെണികള്‍
നീ വഴികൊണ്ടു തകര്‍ന്ന ഒരു പാവവണ്ടി
കനത്ത മഞ്ഞിന്റെ കരംകൊണ്ടു മുറിഞ്ഞ ദു:ഖത്തിന്റെ വൃക്ഷം
നീ വസന്തത്തെ വിഡ്ഢികള്‍ക്കു കടം കൊടുത്തു
അവരതു തിരിച്ചു തന്നില്ല.
നമ്മള്‍‍ക്കെങ്ങനെ മനസ്സിലാകും, അപ്പാ,
നമ്മുടെ വസന്തമില്ലെങ്കില്‍ സൂര്യനെന്തുപറ്റുമെന്ന്.

അപ്പാ, എന്നോടൊച്ചയിടരുത്
നിന്റെ വാക്കുകള്‍ ഒരു ചെവിയിലൂടെ കേറുന്നു
പക്ഷേ മറ്റേ ചെവിയെ ബധിരമാക്കുന്നു.
ഞാന്‍ സ്വയം പറയുന്നത്, എനിക്കിഷ്ടം
ബ്യൂണോസ് ഐറിസിലെ ഇവാ പെരോണാവാനെന്ന്.
ഇരുട്ടില്‍നിന്നു പക്ഷികളെ തട്ടിയെടുക്കുന്ന തീവണ്ടി.
കത്തികളില്‍നിന്ന് ഒരഭയാര്‍ഥിയെയും.
ടാംഗോ‍നൃത്തത്തില്‍ത്തുള്ളുന്ന കാലുകളുള്ള നഗരത്തില്‍.

എങ്കിലും ഇവിടെയുള്ളതാണു ഭേദം, ഇവിടെ ഒന്നും മറയ്ക്കാതെ
ഇവിടെ
അജ്ഞതയെക്കാള്‍ അറിവ് വേദനാകരമാ‍യിടത്ത്
ഇവിടെ, നിനക്കെതിരേ
തടവറയിലെ മുറിവെണ്ണ പോലെ സമയം
ആസ്പത്രികളില്‍, നിറയെച്ചോരയുള്ള യാനപാത്രങ്ങള്‍ പോലെ തുഴയുന്ന മണിക്കൂറുകള്‍
ഭാര്യമാരുടെ മാനം അവരുടെ നാവില്‍ മുദ്രവച്ച ആണുങ്ങള്‍
ടി.വി. ചാനലുകളില്‍ നഷ്ടപ്പെട്ട കുട്ടികള്‍
ആകാശത്തേക്കു വീഴാതെ കടലിനെ കൊളുത്തിപ്പിടിക്കുന്ന മത്സ്യം
സോവിയറ്റ് റഷ്യയില്‍ അടിത്തറയില്‍ സംഭരിച്ച ലെനിന്‍പ്രതിമകളുണ്ടല്ലൊ.
തലയില്‍ വളരുന്ന മതിലുകള്‍
അപ്പനെന്താ പോക്കറ്റിലിടാത്തത്?

അപ്പാ എന്നോടൊച്ചയിടരുത്
നിങ്ങള്‍ക്കറിയില്ല
ഈ ലോകം ഒരു തപാല്‍ സ്റ്റാമ്പാണെന്ന്
അതിന്റെ പശയുള്ള വശം മര്‍ദ്ദിതരാല്‍ നനഞ്ഞത്
ശൂന്യാകാശത്തെ ഒരു തമോഗര്‍ത്തം നമ്മെ വിഴുങ്ങുംവരെ
ലിഫ്റ്റിന്റെ വിടവിലേക്കു തള്ളിവീഴ്തപ്പെട്ട ഒരു പൂച്ചയാണു നീ
ഇപ്പോ‍ഴാണു പറയാനുള്ള സമയം
അപ്പന്‍ വോട്ടുചെയ്ത പാര്‍ട്ടികളുടെ ചെയ്തികളാണപ്പാ നാടിന്റെയവസ്ഥ.
പക്ഷേ ഞാനിവിടെയുണ്ട്, ഇവിടെ, ഒന്നും മറന്നു പോകാതെ
ജാഗരൂകനായി, ജീവിതത്തിനും നമ്മുടെ സമീപകാലചരിത്രത്തിനുമായി.

അപ്പാ എന്നോടൊച്ചയിടരുത്
ഒരു കവിതയ്ക്കു കാലില്‍ മുറിവേറ്റാല്‍
എത്രദൂരം പോകാനാവും?
അപ്പാ എന്നോടൊച്ചയിടരുത്
നിന്നോടുതന്നെ കയര്‍ക്കുക
അല്ലെങ്കില്‍ എല്ലാം അവസാനിച്ചേക്കും.

വിവ: മനോജ് കുറൂര്‍
അക്യുന്‍ അകോവ (തുര്‍ക്കി)

പ്രേമവും വാല്‍നക്ഷത്രവും

കണ്ട വൈദ്യന്മാരെല്ലാം
പറയുന്നൊരേ കാര്യം
നേരത്തേ തമ്മില്‍ക്കണ്ട-
ങ്ങുറപ്പിച്ചതു പോലെ:
“നിനക്കു പിടിപെട്ടു
പ്രേമമെന്നൊരു രോഗം
ഏറെ ബുദ്ധിമുട്ടാവും
നിന്റെ പ്രായത്തില്‍ താങ്ങാന്‍”

ജീവിതം വഴിയട-
ഞ്ഞന്ധമായപ്പോഴതില്‍
വീണ മിന്നലിലെന്റെ
ഹൃദയം പ്രകാശിക്കെ
പെട്ടെന്നു ശിഥിലമായ്
ഞാനൊരു വാല്‍നക്ഷത്ര-
മാകുമെന്നന്നേ ഞാനു-
മോര്‍ത്തിരുന്നതുപോലെ.

വിവ: മനോജ് കുറൂര്‍

Sunday, April 1, 2007

അക്യുന്‍ അകോവ (1962-)(തുര്‍ക്കി)

ചിറകുകളുടെ തുന്നല്‍ക്കാരന്‍

അവര്‍ക്കു മനസ്സിലായി
എല്ലാം
എന്റെ പ്രിയേ
നമ്മള്‍ പ്രേമിച്ച
കിടക്കയില്‍
ഒരു ജോടി ചിറകുകള്‍
കണ്ടപ്പോള്‍.

അപ്പോള്‍ മുതല്‍
നമ്മുടെ നാട്ടിലെ
പെണ്ണുങ്ങള്‍
അവരുടെ തുന്നല്‍ക്കാരെ
കാണാനെത്തുന്നു.
ഒരു ജോടി
അവര്‍ക്കും വേണമെന്ന്.

വിവ: മനോജ് കുറൂര്‍

Wednesday, March 28, 2007

അക്യുന്‍ അകോവ (തുര്‍ക്കി)

കളിപ്പാട്ടങ്ങള്‍

ഒരു കുഞ്ഞിനെ
ശസ്ത്രക്രിയാമുറിയിലേക്കു
കൊണ്ടുപോയപ്പോള്‍
അവന്റെ പാവകള്‍
ജീവിതം
എളുപ്പം വഷളാകുന്ന
കളിയെന്നറിഞ്ഞ്

വാതിലിനു പിന്നില്‍
അവനെക്കാത്തു നിന്നു.
കരഞ്ഞുകൊണ്ട്.

വിവ: മനോജ് കുറൂര്‍