Wednesday, March 28, 2007

അക്യുന്‍ അകോവ (തുര്‍ക്കി)

കളിപ്പാട്ടങ്ങള്‍

ഒരു കുഞ്ഞിനെ
ശസ്ത്രക്രിയാമുറിയിലേക്കു
കൊണ്ടുപോയപ്പോള്‍
അവന്റെ പാവകള്‍
ജീവിതം
എളുപ്പം വഷളാകുന്ന
കളിയെന്നറിഞ്ഞ്

വാതിലിനു പിന്നില്‍
അവനെക്കാത്തു നിന്നു.
കരഞ്ഞുകൊണ്ട്.

വിവ: മനോജ് കുറൂര്‍

Monday, March 19, 2007

റോബര്‍ട് ഹാസ്
ഉടലിനെക്കുറിച്ചൊരു കഥ

യുവസംഗീതജ്ഞന്‍, കലാകാരന്മാരുടെ കോളനിയില്‍ ആ വേനല്‍ക്കാലത്തു ജോലി ചെയ്തിരുന്നപ്പോള്‍, അവളെ ഒരാഴ്ചയായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജപ്പാന്‍ കാരിയായ ഒരു ചിത്രകാരി. അറുപതിനടുത്തു പ്രായം. അവളോടു പ്രേമമാണെന്ന് അവന്‍ വിചാരിച്ചു. അവളുടെ രചനകളെ സ്നേഹിച്ചു. അവളുടെ ഉടല്‍ ചലിക്കുന്നതുപോലെ, കൈകള്‍ ഉപയോഗിക്കുന്നതുപോലെ, ആയിരുന്നു ആ രചനകള്‍. വിസ്മയം തോന്നിയപ്പോള്‍ അവള്‍ നേര്‍ക്കുനേരേ നോക്കി അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പരിഗണിച്ചു. ഒരു രാത്രിയില്‍, അവര്‍ ഒരു സംഗീതപരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍, അവളുടെ വാതിലിനടുത്തുവച്ച് അവനു നേരേതിരിഞ്ഞ് അവള്‍ പറഞ്ഞു: ‘എന്നെ സ്വന്തമാക്കണമെന്നു നീ വിചാരിക്കുന്നുവെന്നു തോന്നുന്നു. എനിക്കും അതിഷ്ടംതന്നെ. പക്ഷേ ഒരു കാര്യം പറയാതെ വയ്യല്ലൊ. എനിക്കു രണ്ടു മാസക്റ്റമി കഴിഞ്ഞതാണ്.’ അവനു മനസ്സിലായില്ല. ‘എന്റെ രണ്ടു മുലയും നീക്കം ചെയ്തതാണ്.’ വയറിലും നെഞ്ചിന്‍ വിടവിലും അവന്‍ വഹിച്ചിരുന്ന പ്രഭാവലയം-സംഗീതം പോലെ-പെട്ടെന്നു മങ്ങി. ഒരുവിധം അവളെ നോക്കിയിട്ട് അവന്‍ പറഞ്ഞു: ‘എനിക്കു വിഷമമുണ്ട്. എനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല.’ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ അവന്‍ സ്വന്തം കാബിനിലേക്ക് തിരിഞ്ഞു നടന്നു. രാവിലെ തന്റെ വാതിലിനു പുറത്ത്, പോര്‍ച്ചില്‍, നീലനിറമുള്ള ചെറിയൊരു കൂട അവന്‍ കണ്ടു. അതു നിറയെ റോസാപ്പൂവിന്റെ ഇതളുകളാണെന്ന് ആദ്യം അവനു തോന്നി. അതു ചെന്നെടുത്തപ്പോഴാണു മനസ്സിലായത്, റോസാപ്പൂവിതളുകള്‍ മുകളില്‍ മാത്രം. അതിനടിയില്‍ കൂട നിറയെ-തന്റെ പണിപ്പുരയുടെ മൂലകളില്‍‍നിന്ന് അവള്‍ തൂത്തെടുത്തതാവാം-ചത്ത തേനീച്ചകളായിരുന്നു. (1989)

വിവ: മനോജ് കുറൂര്‍